School Study Tour Modified Guidelines
1. പഠന യാത്രകൾ സ്‌കൂൾ മേലധികാരിയുടെ പൂർണ്ണ നിയന്ത്രണത്തിൽ ഒരു അധ്യാപക കൺവീനറുടെ ചുമതലയിലായിരിക്കണം സംഘടിപ്പിക്കേണ്ടത്. സ്കൂൾ പാർലമെന്റ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥി കൺവീനറും, രണ്ട് അധ്യാപക പ്രതിനിധികളും ഒരു പി.ടി.എ പ്രതിനിധിയും ഉൾപ്പെട്ട ഒരു ടൂർ കമ്മിറ്റി രൂപീകരിക്കണം.
2. പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന സ്ഥലം, യാത്രാപരിപാടികൾ, താമസം, ചെലവ് സംബന്ധിച്ച വിശദമായ രൂപരേഖ ടൂർ കമ്മിറ്റി തയ്യാറാക്കേണ്ടതും, സ്‌കൂൾ പി.ടി.എ എക്‌സിക്യൂട്ടീവിൽ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ടതുമാണ്. യാത്രാസംഘം ഓരോ ദിവസവും സന്ദർശിക്കുന്ന സ്ഥലം, താമസസ്ഥലത്തു നിന്നും പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ സമയം എന്നിവ യാത്രാ സമയത്ത് സംഘാടകർ സൂക്ഷിക്കേണ്ടതും പകർപ്പ് സ്‌കൂളുകളിലും ബന്ധപ്പെട്ട ഉപജില്ലാ/വിദ്യാഭ്യാസജില്ല/ഡി.ഡി.ഇ/ആർ.ഡി.ഡി./എ.ഡി എന്നിവർക്ക് സമർപ്പി ക്കേണ്ടതുമാണ്. ടൂർ കഴിഞ്ഞ ഉടനെ കുട്ടികളുടെ അഭിപ്രായങ്ങളോടു കൂടിയ റിപ്പോർട്ട് ടൂർ കൺവീനർ പ്രിൻസിപ്പാളിന്/പ്രഥമാദ്ധ്യാപകന് സമർപ്പിക്കണം.
3. യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്ന് യാത്രാ വിവരങ്ങളും തയ്യാറെടുപ്പും വിശദീകരിക്കണം.
4. സ്‌കൂൾ പഠനയാത്രയുടെ പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ മേധാവികളിലും, ടൂർകൺവീനർമാരിലും നിക്ഷിപ്‌തമായിരിക്കും.
5. ഒരു അക്കാദമിക വർഷം ഇടവിട്ടോ തുടർച്ചയായോ പരമാവധി മൂന്ന് ദിവസങ്ങൾ മാത്രമേ പഠന യാത്രയ്ക്കായി ഉപയോഗിക്കാൻ പാടുള്ളൂ. തുടർച്ചയായ മൂന്ന് ദിവ സങ്ങളാണ്' യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത് എങ്കിൽ അതിൽ പ്രവർത്തി ദിനമല്ലാത്ത ദിവസം കൂടി ചേർത്ത് ക്രമീകരിക്കേണ്ടതാണ്.
6. വിദ്യാഭ്യാസ പ്രാധാന്യമുള്ള സ്ഥലങ്ങളും, സ്ഥാപനങ്ങളുമാകണം പഠന യാത്രയ്ക്ക് തെരഞ്ഞെടുക്കേണ്ടത്.
7. പഠനയാത്രയ്ക്ക് രക്ഷകർത്താക്കളുടെ അറിവും സമ്മതവും ആവശ്യമാണ്. യാത്രയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളിൽ നിന്നും സമ്മതപത്രം യാത്രയ്ക്ക് മുൻപായി തന്നെ വാങ്ങി സൂക്ഷിക്കണം.
8. രക്ഷിതാക്കളുടെ പ്രതിനിധികളെ യാത്രയിൽ ഉൾപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.
9. പഠനയാത്രാ സംഘത്തിലെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:15 ആയിരിക്കണം. 15 വിദ്യാർത്ഥിനികൾക്ക് ഒരു അദ്ധ്യാപിക എന്ന പ്രകാരം യാത്രയിൽ ഉണ്ടാകേണ്ടതാണ്.
10. പ്രഥമാദ്ധ്യാപകനോ, സീനിയറായ അദ്ധ്യാപകനോ യാത്രാസംഘത്തെ അനുഗമിക്കേണ്ടതാണ്.
11. രാത്രി 10 മണിക്ക് ശേഷവും രാവിലെ 5 മണിക്ക് മുൻപുള്ളതുമായ യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
12. യാത്രാവേളയിൽ അദ്ധ്യാപകർ, കുട്ടികൾ, യാത്രയെ അനുഗമിക്കുന്നവർ പുകവലിക്കുന്നതും മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും ഗുരുതരമായ കൃത്യവിലോപമായതിനാൽ ഇപ്രകാരമുളള വിവരം ലഭ്യമായാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.
Join muralipanamanna.in Group | ||
---|---|---|
WhatsApp Group | Telegram Channel | WhatsApp Channel |