നവംബർ 28 മുതൽ ഡിസംബർ ഒന്നു വരെ കാഞ്ഞങ്ങാട് നടക്കുന്ന 60-ാമത് സംസ്ഥാന
സ്‌കൂൾ കലോൽസവം ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി
ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.
രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തനവും ഓൺലൈനാക്കി. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, ഓരോ സ്റ്റേജിലേയും ഇനങ്ങൾ യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയ്യാറാക്കൽ, ലോവർ - ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പൂർണമായും പോർട്ടൽ വഴിയായിരിക്കും. മത്സരഫലങ്ങൾ www.schoolkalolsavam.in വഴി തത്സമയം അറിയാനാവും.
പോർട്ടലിലെ വിവരങ്ങൾ 'പൂമരം' എന്ന മൊബൈൽ ആപിലും ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'KITE poomaram' ഡൗൺലോഡ് ചെയ്യാം. 31 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങൾ തത്സമയം അറിയാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കലോൽസവത്തിലെ വിവിധ രചനാ മത്സരങ്ങൾ (കഥ, കവിത, ചിത്രരചന തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂൾ വിക്കിയിൽ (www.schoolwiki.in) അപ്ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്‌കൂൾ വിക്കിയിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ ലഭ്യമാക്കും.
വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങൾ www.victers.kite.gov.in വഴിയും KITE VICTERS എന്ന മൊബൈൽ ആപ് വഴിയും തത്സമയം കാണാം.
മുഴുവൻ വേദികളും വിവിധ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുടെ മേൽനോട്ടത്തിൽ
ഡിജിറ്റൽ ഡോക്യുമെന്റേഷൻ സൗകര്യം ഏർപ്പെടുത്തി. ഹൈടെക് സൗകര്യം ഉപയോഗിച്ച്
കലോത്സവം തത്സമയം സ്‌കൂളുകളിൽ കാണുന്നതിനും കൈറ്റ്
അവസരമൊരുക്കുന്നുണ്ടെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ
സാദത്ത് അറിയിച്ചു.