സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യം

സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യം

കൊറോണ ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ എ.എ.വൈ കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും. മുൻഗണനാ വിഭാഗം (പിങ്ക് കളർ) കാർഡുകൾക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കുന്ന ധാന്യം ഒരാളിന് അഞ്ച് കിലോ വീതം സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗം കാർഡുകൾക്ക് (നീല, വെള്ള) കാർഡ് ഒന്നിന് മിനിമം 15 കിലോ സൗജന്യമായി ലഭിക്കും.


കൊറോണ രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി നൽകുന്നതു പ്രകാരം 1000 രൂപയുടെ ഭക്ഷണകിറ്റ് സൗജന്യമായി ദുരന്തനിവാരണ സംഘത്തിലെ വിതരണ സംവിധാനം വഴി ഹോം ഡെലിവറി നടത്തും. പഞ്ചസാര, പയറുവർഗ്ഗങ്ങൾ, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ഉല്പന്നങ്ങൾ അടങ്ങുന്നതാണ് ഭക്ഷ്യ സാധന കിറ്റ്. ഏപ്രിൽ, മെയ് മാസങ്ങളിൽ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യ വിഹിതം ഫുഡ്‌കോർപ്പറേഷൻ ഗോഡൗണുകളിൽ നിന്നും ലിഫ്റ്റിംഗ് നടന്നുവരികയാണ്. മൂന്ന് മാസത്തേക്കുളള വിഹിത ലിസ്റ്റ് ചെയ്യുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് സംഭരിച്ച നെല്ല് അരിയാക്കി വിതരണത്തിന് സജ്ജമായി ഗോഡൗണുകളിൽ ലഭ്യമാക്കി. 74000 മെട്രിക് ടൺ അധികധാന്യ വിഹിതം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകി.


റേഷൻ കടകളിൽ ഒന്നര മാസത്തെ ധാന്യം സ്റ്റോക്ക് ചെയ്യുന്നതിനുളള നടപടികൾ ആരംഭിച്ചു. റേഷൻ വിതരണത്തിന് ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി മാനുവൽ ഇടപാടുകൾ വഴി വിതരണം നടത്തുവാൻ തീരുമാനിച്ചു. ഇഷ്ടമുളള കടയിൽ നിന്നും പോർട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നവർക്ക് മാത്രം വൺടൈം പാസ്‌വേഡ് നിർബന്ധമാക്കി. സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിപണന ശാലകളിൽ തിരക്ക് ഒഴിവാക്കുന്നതിന് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. ജീവനക്കാർക്കോ റേഷൻ ഡീലർമാർക്കോ വിതരണക്കാർക്കോ പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങൾ കാണുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിനും, എല്ലാ റേഷൻ കടകളിലും വിതരണക്കാർക്ക് കൈകഴുകുന്നതിനുളള സംവിധാനവും മുഖാവരണവും നിർബ്ബന്ധമാക്കിയിട്ടുണ്ട്.


റേഷൻ കാർഡുകൾ ആധാർ കാർഡുകളുമായി ബന്ധിപ്പിക്കാനുളള സമയക്രമം സെപ്തംബർ 30 വരെ ദീർഘിപ്പിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !