COVID 19 - സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ


സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിന് മാനദണ്ഡമായി 
സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളിലുൾപ്പെടെ സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശമായി.

സംസ്ഥാനത്തെ വിവിധ ഹോട്ട്‌സ്‌പോട്ടുകളിലെ ഓഫീസുകളിൽ അതത് ജില്ലയിലെ പരിമിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കോവിഡ്-19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളും/സ്ഥാപനങ്ങളും പൂർണ്ണമായും തുറക്കണം. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ 50ശതമാനം ഉദ്യോഗസ്ഥർ സർക്കാർ ഓഫീസുകളിൽ ഹാജരാകണം. അവശ്യസേവന വകുപ്പുകളിലെ ജീവനക്കാർ എല്ലാ ദിവസവും ഹാജരാകണം. 

മറ്റ് ജില്ലകളിൽ അകപ്പെട്ട ജീവനക്കാർക്ക് അവരവരുടെ ജില്ലകളിലേക്ക് മടങ്ങാൻ കെ.എസ്.ആർ.ടി.സി ബസ് സൗകര്യം അതത് ജില്ലാ കളക്ടർമാർ ഒരുക്കണം. ഇതിനായി വരുന്ന ഡീസൽ ചെലവ് എസ്.ഡി.ആർ.എഫിൽ നിന്ന് കണ്ടെത്തുകയും യാത്രക്കാരിൽ നിന്ന് ഒരു നിശ്ചിത യാത്രാക്കൂലി ഈടാക്കുകയും വേണം. ഇത്തരത്തിൽ മടങ്ങിയെത്താൻ കഴിയാത്ത ജീവനക്കാർ അതത് ജില്ലാ കളക്ടർമാർ മുമ്പാകെ റിപ്പോർട്ട് ചെയ്യണം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ അവിടെ തുടരണം. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാരെ ജില്ലാ കളക്ടർമാർക്ക് കോവിഡ്-19 നിർവ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉപയോഗിക്കുകയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സേവനം ലഭ്യമാക്കുകയോ ചെയ്യാം. ഇതിനുള്ള ക്രമീകരണം കളക്ടറേറ്റുകളിൽ ഒരുക്കണം. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ ഉൾപ്പെടുന്ന സ്ഥലമാണെങ്കിൽകൂടി സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കണം. 

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ജീവനക്കാരുടെ സേവനം ആവശ്യമുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികൾക്ക് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടാം. സേവനത്തിനുശേഷം തിരികെ ഓഫീസിൽ പ്രവേശിക്കുമ്പോൾ ബന്ധപ്പെട്ട ഓഫീസിൽ നിന്ന് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരത്തിൽ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അത് അർഹതയുള്ള അവധിയായി പരിഗണിക്കും. മറ്റ് ജില്ലകളിലായ ജീവനക്കാരുടെ സമാഹൃതറിപ്പോർട്ട് വകുപ്പ് മേധാവികൾ മെയ് 30നകം തയ്യാറാക്കി ജില്ലാ കളക്ടർമാർക്ക് കൈമാറണം. ഓഫീസ് തിരിച്ചറിയൽ കാർഡിൽ ജീവനക്കാർക്ക് അന്തർജില്ലാ യാത്രാനുമതി പോലീസ് നൽകും. 

ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷകർത്താക്കൾ, ഭിന്നശേഷിക്കാരും/ അംഗപരിമിതരുമായ കുട്ടികളുടെ രക്ഷകർത്താക്കളായ ഉദ്യോഗസ്ഥർ എന്നിവരെ ഡ്യൂട്ടിയിൽ നിന്നും പരമാവധി ഒഴിവാക്കണം. ഇ-ഫയൽ പ്രോസസ് ചെയ്യുന്ന ജീവനക്കാർ ഐടി വകുപ്പ്/ബന്ധപ്പെട്ട അധികാരികൾ വഴി വിപിഎൻ കണക്ടിവിറ്റി നേടണം. ഇ-ഓഫീസ് വഴിയുള്ള ഫയൽ നീക്കം വകുപ്പ് തലവൻമാർ പരിശോധിക്കണം. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. 

ഓഫീസ് തലവൻമാർ ഇതു സംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ട ഡിഡിഒമാർക്ക് മെയ് 30നകം നൽകണം. കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ നടപടിക്രമങ്ങൾ ജോലിയിടങ്ങളിലും പൊതുസ്ഥലങ്ങളിലും കർശനമായി പാലിക്കുന്നുവെന്ന് ഓഫീസ് മേധാവികൾ ഉറപ്പുവരുത്തണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !