MDMS - ഉച്ചഭക്ഷണപദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റ്

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച വിശദമായ പ്രൊപ്പോസലിന് സർക്കാർ അനുമതി നൽകി. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. 

ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 40 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്. പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകുക. സപ്ലൈക്കോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. ഭക്ഷ്യകിറ്റ് വിതരണം ജൂലൈ ആദ്യവാരത്തോടെ ആരംഭിക്കും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.
 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !